ഭാഷയൊന്നും മനസ്സിലായില്ല; ഒരു താരാട്ട് പാട്ട് വന്നു കീഴടക്കി, മേക്കപ്പില്ലാത്ത മുഖങ്ങള്‍; പഥേര്‍ പാഞ്ചാലിയുടെ ആദ്യ കാഴ്ചയെക്കുറിച്ച് അടൂര്‍

ശാന്തി നികേതനിലെ ഒരു വിദ്യാര്‍ത്ഥി സംവിധാനം ചെയ്ത 16 എംഎം സിനിമ ലോകം ശ്രദ്ധ നേടുന്നതായി ഒരു അധ്യാപകന്‍ പറഞ്ഞതു കേട്ടാണ് പഥേര്‍ പാഞ്ചാലി കാണുന്നത്
അടൂര്‍ ഗോപാലകൃഷ്ണന്‍, പഥേര്‍ പാഞ്ചാലി ചിത്രത്തിലെ രംഗം
അടൂര്‍ ഗോപാലകൃഷ്ണന്‍, പഥേര്‍ പാഞ്ചാലി ചിത്രത്തിലെ രംഗം

ത്യജിത് റേയുടെ വിഖ്യാതമായ പഥേര്‍ പാഞ്ചാലി കണ്ടതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സവിധായകന്‍ അടൂര്‍ ഗോപാകൃഷ്ണന്‍. ആദ്യം കാണുമ്പോള്‍ തനിക്ക് ബംഗാളി ഭാഷ മനസ്സിലാകില്ലായിരുന്നു. എന്നാല്‍ അതിലെ താരാട്ടു പാട്ട് വല്ലാതെ സ്വാധീനിച്ചു- അടൂര്‍ പറഞ്ഞു. 

'അതിന് മുന്‍പ് ഞാന്‍ അത്തരത്തിലൊരു ചിത്രം കണ്ടിരുന്നില്ല. ആ ചിത്രത്തില്‍ ആരും തന്നെ മേക്കപ്പ് ഉപയോഗിച്ചിരുന്നില്ല. ശാന്തി നികേതനിലെ ഒരു വിദ്യാര്‍ത്ഥി സംവിധാനം ചെയ്ത 16 എംഎം സിനിമ ലോകം ശ്രദ്ധ നേടുന്നതായി ഒരു അധ്യാപകന്‍ പറഞ്ഞതു കേട്ടാണ് പഥേര്‍ പാഞ്ചാലി കാണുന്നത്. സബ് ടൈറ്റിലുകള്‍ ഇല്ലാത്ത അന്നത്തെ കാലത്ത് ഭാഷ മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. മുഖത്ത് ചുളിവുകള്‍ വീണ ഒരു വൃദ്ധയെ ഞാന്‍ കണ്ടു. ഒരു താരാട്ടു പാട്ട് കേട്ടു. അതുവരെ കേട്ടുവന്ന ശബ്ദങ്ങളെല്ലാം ഞാന്‍ മറന്നു' അദ്ദേഹം പറഞ്ഞു. 

സത്യജിത് റേയുടെ നൂറ്റി ഒന്നാമത് ജന്‍മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും മികച്ച പത്തു സിനിമകളില്‍ സ്ഥാനം നേടിയ ചിത്രമാണ് പഥേര്‍ പാഞ്ചാലിയെന്നും അദ്ദേഹം പറഞ്ഞു. 

'റേ എന്നെ സംബന്ധിച്ചിടത്തോളം ഒരു റിയലിസ്റ്റിക് റൊമാന്റിസിസ്റ്റാണ്. പലപ്പോഴും അദ്ദേഹത്തെ ഒരു നിയോ റിയലിസ്റ്റ് സംവിധായകന്‍ എന്ന് വിളിക്കാറുണ്ട്, അതിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ഹൃദയത്തില്‍ ഒരു റിയലിസ്റ്റ് ആയിരുന്നു. ഒരു തികഞ്ഞ കലാകാരനായിരുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബംഗാളി സിനിമയിലെ സമകാലികരായ രണ്ട് മഹാരഥന്‍മാരായ ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുമായി റേയ് മത്സരിച്ചിരുന്നെന്ന കിംവദന്തികള്‍ ശരിയല്ല. അവര്‍ക്ക് പരസ്പരം വലിയ ബഹുമാനം ആയിരുന്നു. ഘട്ടക്കും റേയും അവരവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുപേരുടെയും ചിത്രങ്ങള്‍ റെഫര്‍ ചെയ്യുമായിരുന്നു. കലാകാരന്‍ ജീവിച്ചിരിപ്പില്ലെങ്കിലും, അദ്ദേഹത്തിന്റെ സൃഷ്ടികള്‍ നിലനില്‍ക്കുന്നു. നമ്മുടെ കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രകാരനാണ് അദ്ദേഹം'-അടൂര്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com